Thursday, February 18, 2010

ഒരു മാവിന്റെ അന്ത്യം

ഞങ്ങളുടെ സ്ഥലത്ത് പണ്ട് കാലത്ത് ധാരാളം മാവുകളും നെല്ലിമരങ്ങളും ഉണ്ടായിരുന്നു

കൂടാതെ ഒരു ചാമ്പ മരവും ഒരു പേര മരവും. മുത്തശ്ശൻ കൊണ്ട് വന്നു നട്ട് പിടിപ്പിച്ചതാണിവയെല്ലാം. സ്ക്കൂൾ വിട്ട് പോകുന്ന കുട്ടികൾ ഞങ്ങളുടെ വളപ്പിൽ കയറി മാങ്ങയും നെല്ലിക്കയും ഒക്കെ പറയ്ക്കുന്നത് ഒരു സ്ഥിരം സംഭവം ആയിരുന്നു. ചില കുട്ടികൾ മാന്യമായി വന്ന് ഞങ്ങളോട് ചോദിക്കും “മാ‍ങ്ങ പറക്കട്ടെ” “നെല്ലിക്ക പൊട്ടിക്കട്ടെ” എന്നൊക്കെ. മറ്റ് ചിലരാകട്ടെ ചോദിക്കാതെ തന്നെ വന്നു പറയ്ക്കും.പൊതുവഴിയിലേക്ക് വീഴുന്ന മാങ്ങ കാൽനടക്കാർക്കുള്ളതാണ്. ശക്തമായ കാറ്റിൽ ചിലപ്പോൾ മാ‍ങ്ങകൾ തുരുതുരാ ഉതിർന്ന് വീഴും. മാങ്ങ എറിഞ്ഞു വീഴ്ത്തുന്നതിനോ കയറി പൊട്ടിക്കുന്നതിനോ ആർക്കും അനുവാദമില്ല. പഞ്ചാരപ്പേൻ, ചോരത്തേൻ തുടങ്ങിയ നാടൻ മാങ്ങകൾക്കാണ് കൂടുതൽ ആരധകർ. ഗോമാങ്ങ, സേലം മാങ്ങ എന്നിവയൊന്നും ആ വളപ്പിൽ ഉണ്ടായിരുന്നില്ല്ല.സ്കൂൾ വിട്ട് വരുന്ന കുട്ടികൾ ഞങ്ങളുടെ വളപ്പിനടുത്തെത്തിയാൽ അവർ അവിടെ താഴെയൊക്കെ നോക്കും. വീണു കിടക്കുന്ന മാങ്ങകൾ ആദ്യം വരുന്ന കുട്ടികൾക്കുള്ളതാണ്. ഇതിനായി ഈകൂട്ടർ ബെല്ല് അടിച്ചാലുടൻ തന്നെ പുസ്തകവും എടുത്ത് ഒറ്റ ഓട്ടമാണ്. പാടവരമ്പത്ത് കൂടി ഓടി ഞങ്ങളുടെ വരമ്പത്ത് കൂടി കയറി ഇടവഴി കയറുന്നു. ഓട്ടത്തിൽ പതുക്കെയായവർ ഇടവഴി എത്തുമ്പോ‍ഴേക്കും വീണ് കിടക്കുന്ന മങ്ങകൾ ഒക്കെ കഴീഞ്ഞിട്ടുണ്ടാകും. ഇവർ അവിടെ കൂട്ടം കൂടി ഗോട്ടിയൊക്കെ കളിച്ച് നിൽക്കുമ്പോളെക്കും കാറ്റൊക്കെ വീശി ചിലർക്കൊക്കെ മാങ്ങകൾ കിട്ടിയിട്ടുണ്ടാകും.ഒഴിവു ദിനങ്ങളിൽ ഉച്ച സമയത്ത് ചില ആളുകൾ ഞങ്ങളുടെ പറമ്പിന്റെ അവിടെ സ്ഥിരം തൻപടിക്കാറുണ്ട്. ആരും വരില്ല എന്ന് ഉറപ്പായാൽ ചിലപ്പോൾ ഇവർ പറമ്പിലേക്ക് കടന്ന് മാങ്ങ നോക്കാറുമുണ്ട്. ഞങ്ങൾക്കാർക്കും അത് അത്രക്ക് ഇഷ്ടമുള്ള കാര്യമല്ല. കാരണം ഞങ്ങൾക്കും മാങ്ങ കഴിക്കണമല്ലോ എന്നു വിചാരിച്ച് മാത്രം.പഞ്ചാരപ്പേന് മാവിന്റെ ഒരു ചില്ല കുളത്തിലേക്ക് ചാഞ്ഞാണിരിക്കുന്നത്. കുളിക്കാൻ പോകുമ്പോൾ നീന്തുന്ന സമയത്ത് ചിലപ്പോൾ കുളത്തിലേക്ക് മാ‍ങ്ങ വീഴാറുണ്ട്. ആര് ആദ്യം എന്ന തരത്തിൽ വാശിയേറിയ ഒരു നീന്തൽ മത്സരവും അപ്പോൾ അവിടെ ഉണ്ടാകാറുണ്ട്. ചില സമയത്ത് ആർക്കും കിട്ടാതെ മാമ്പഴം കുളത്തിലേക്ക് താണു താണു പോകും.ഒരു ദിവസം ഒരു ഒഴിവു ദിവസം മറ്റുള്ള എല്ലാവരും ഉറങ്ങുന്ന സമയത്ത് ഞാൻ മാവിന്റെ ചുവട്ടിലേക്ക് നടന്നു. മാവിന്റെ അടുത്തെത്തിയപ്പോൾ ആരോ കല്ലെറിയുന്ന ശബ്ദം. ചെന്ന് നോക്കുമ്പോൾ എന്റെ കൂടെ പടിച്ചിരുന്ന പിന്നെ തോറ്റ് പോയ ഒരു കൂട്ടുകാരൻ. ഞാൻ ചെന്നു നല്ല രീതിയിൽ പറഞ്ഞു. കല്ലെറിയരുത്. ആരുടെയെങ്കിലും തലയിൽ വീണാല് പിന്നെ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞു അവനെ പിന്തിരിപ്പിച്ചു. തൊടിയിൽ കിടന്നിരുന്ന രണ്ട് മാങ്ങ അവന് എടുത്ത് കൊടുക്കുകയും ചെയ്തു.അതൊക്കെ കഴിഞ്ഞ് ഇന്നത്തെ കാലത്ത് സ്കൂൾ കുട്ടികൾ ആരും ആ വഴി വരാതായി. എല്ലാവരും ഒന്നുകിൽ ബസ്സിൽ പോകും, അല്ലെങ്കിൽ സൈക്കിൾ. കുറെ കുട്ടികൾ സി.ബി.എസ്.സി. സ്കൂളിലേക്ക് പഠനം മാറ്റി. കൂടാതെ സ്കൂൾ വിട്ടാൽ ഉടൻ വേറെ ട്യൂഷൻ എല്ലാവർക്കും. കളിക്കാനും മാങ്ങ പെറുക്കുന്നതിനും കുട്ടികൾക്ക് സമയം ഇല്ല. കൂടാതെ രക്ഷിതാക്കൾ സ്റ്റാറ്റസ് നോക്കാൻ തുടങ്ങി. ഡ്രസ് മുഷിഞ്ഞാൽ പിന്നെ കുട്ടികളെ വീട്ടിൽ കയറ്റില്ല.ആർക്കും വേണ്ടാതെ മാങ്ങകൾ തൊടിയിലും ഇടവഴിയിലും കിടന്നിരുന്നു. കുറെ മാങ്ങകൾ അണ്ണാറക്കണ്ണന്മാർ തിന്നും.കുറെ വവ്വാലുകൾ തിന്നും. കുട്ടികളെ മാങ്ങ പെറുക്കുന്നതിനും ഒന്നും കിട്ടില്ല. കുറെ കഴിഞ്ഞപ്പോൾ ഉപഭോക്താവിന്റെ എണ്ണം കുറഞ്ഞതൊണ്ട് ആണോ എന്നറിയില്ല, മാങ്ങകളുടെ എണ്ണം ഗണ്യമാ‍യി കുറഞ്ഞു. മുഴുവൻ ഇത്തിക്കണ്ണി കയറി. മാവും വാർധക്യത്തിൽ എത്തി.കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഞങ്ങൾക്ക് മാമ്പഴം തന്നിരുന്ന ആ രണ്ട് മാവുകളും അവിടെ കാണുന്നുണ്ടായിരുന്നില്ല. ഒരു മഴക്കാലത്ത് കൊമ്പ് ഒടിഞ്ഞ് വീണപ്പോൾ മുഴുവനായി മുറിച്ച് മാറ്റുകയാണുണ്ടായതത്രെ! ഒരു കാലത്തെ എല്ലാവർക്കും മാമ്പഴം തന്നിരുന്ന ആ മാവുകൾ അങ്ങനെ ചരിത്രത്തിന്റെ വിസ്മൃതിയിലായിത്തീർന്നു..ഇന്നത്തെ വളരുന്ന തലമുറക്ക് മാമ്പഴം കടയിൽ നിന്നും മേടിക്കാനുള്ള സാമ്പത്തികം ഉണ്ടായിരിക്കാം. കൂടുതൽ ഭംഗിയും ആകർഷണീയതയും അതിനുണ്ടായിരിക്കാം. കാറ്റത്ത് മാങ്ങ വീഴുന്നുണ്ടൊ എന്ന് ശ്രദ്ധിക്കാനും വീണ് കിടക്കുന്ന മാങ്ങ തിരഞ്ഞ് കണ്ടെത്തി തിന്നാനും ഇല്ലെങ്കിൽ എറിഞ്ഞ് വീഴ്ത്തി തിന്നാനും ആർക്കും സമയമില്ലാതായി. “ എടുയ്ക്കാ...തുടയ്ക്കാ...കടിയ്ക്കാ “ എന്ന മുത്തശ്ശന്റെ വാചകങ്ങൾ മനസ്സിൽ കിടന്നു കളിക്കുന്നു.“അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ

അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ”

4 മൊഴികൾ:

കുമാരന്‍ | kumaran April 3, 2010 at 9:25 PM  

നാട്ടിന്‍പുറത്തെ പഴയ ഓര്‍മ്മകളിലേക്ക് തിരികെ ഒരു യാത്ര.

മാത്തൂരാൻ April 4, 2010 at 5:22 AM  

അഭിപ്രായത്തിനു നന്ദി കുമാ‍രൻ

ശ്രീ April 21, 2010 at 10:19 PM  

എന്നാലും മാവേല്‍ എറിഞ്ഞു വീഴ്ത്തി തിന്നിരുന്ന മാങ്ങയുടെ സ്വാദ്... അതൊന്നു വേറെ തന്നെ ആയിരുന്നു.

[അവധിക്കാലത്ത് കറി വയ്ക്കാന്‍ മാങ്ങ പൊട്ടിച്ചു തരാന്‍ അമ്മയോ അമ്മൂമ്മമാരോ ആവശ്യപ്പെട്ടാല്‍ (കയറി പറിയ്ക്കാനും തോട്ടി വച്ച് പറിയ്ക്കാനും ഓപ്ഷനുണ്ടായിരുന്നപ്പോഴും) കല്ലെറിഞ്ഞ് തന്നെ മാങ്ങ വീഴ്ത്തിയിരുന്നു, ഒരു കാലത്ത്]

Post a Comment

എന്തെങ്കിലും 2 വാക്ക്....

അഭിപ്രായങ്ങൾ

നിങ്ങൾക്ക് തോന്നുന്ന അഭിപ്രായങ്ങൾ കമന്റിന്റെ രൂപത്തിൽ രേഖപ്പെടുത്തുക

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP