Friday, April 23, 2010

ഇന്ന് തൃശ്ശൂർ പൂരം

ഇന്ന് വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം. വ്യാഴാഴ്ച്ച തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞു. 10 ദേശത്തിന്റെ പൂരമാണ് തൃശ്ശൂർ പൂരം. തിരുവമ്പാടി,പാറമേക്കാവ് എന്നിവയാണ് ഇവയിൽ പ്രശസ്തർ. തിരുവമ്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ് പഞ്ചവാദ്യം, പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം എന്നിവയാണ് മേളപ്പെരുമ. തിരുവമ്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ്  മഠത്തിൽ നിന്ന് തുടങ്ങുന്നു. ഇലഞ്ഞിത്തറ മേളം പാറമേക്കാവിന്റെ മാറ്റ് കൂട്ടുന്നു. വിചാരിക്കാൻ പറ്റാത്ത തിരക്കാവും ഈ സമയങ്ങളിൽ ഇലഞ്ഞിമരചുവട്ടിൽ. ആസ്വാദകർ കൈയ്യുയർത്തി മേളക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും തെക്കോട്ടിറങ്ങുന്നതോടെ കുടമാറ്റത്തിന്റെ സമയമാകും. പാറമേക്കവ് വടക്കുംനാഥന് അഭിമുഖമായും തിരുവമ്പാടി പാറമേക്കാവിന് അഭിമുഖമായും നില നിൽക്കുന്നതോടെ കുടമാറ്റം ആരംഭിക്കും. വർണ്ണ വൈവിദ്ധ്യമായ കുടകൾ ഇരു കൂട്ടരും വാശിയോടെ മാറ്റുമ്പോൾ കാണികൾ ആവേശഭരിതരാകും. പൂഴിയിട്ടാൽ താഴെ വീഴാത്തത്ര ജനതിരക്കായിരിക്കും ഈ സമയങ്ങളിൽ. രാത്രിയിൽ തിരുവമ്പാടി മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുമ്പോൾ പാറമേക്കാവ് പാറമേക്കാവമ്മയുടെ തിരുസന്നിധിയിൽ പഞ്ചവാദ്യം നടത്തുകയായിരിക്കും. പുലർച്ചെ മനസ്സും കണ്ണും കാതും ഒരു പോലെ കുളിർപ്പിക്കുന്ന ഇരു വിഭാഗത്തിന്റേയും വെടിക്കെട്ടോടെ പൂര ദിവസം സമാപിക്കുന്നു. പിറ്റേന്ന് ദേശവാസികളുടെ അതായത് തൃശ്ശൂരുകാരുടെ പൂരമാണ്. ഉപചാരം ചൊല്ലി ദേശങ്ങൾ പിരിയുന്നതോടെ ഈ കൊല്ലത്തെ പൂരം സമാപിക്കുന്നു.

Read more...

Thursday, February 18, 2010

ഒരു മാവിന്റെ അന്ത്യം

ഞങ്ങളുടെ സ്ഥലത്ത് പണ്ട് കാലത്ത് ധാരാളം മാവുകളും നെല്ലിമരങ്ങളും ഉണ്ടായിരുന്നു

കൂടാതെ ഒരു ചാമ്പ മരവും ഒരു പേര മരവും. മുത്തശ്ശൻ കൊണ്ട് വന്നു നട്ട് പിടിപ്പിച്ചതാണിവയെല്ലാം. സ്ക്കൂൾ വിട്ട് പോകുന്ന കുട്ടികൾ ഞങ്ങളുടെ വളപ്പിൽ കയറി മാങ്ങയും നെല്ലിക്കയും ഒക്കെ പറയ്ക്കുന്നത് ഒരു സ്ഥിരം സംഭവം ആയിരുന്നു. ചില കുട്ടികൾ മാന്യമായി വന്ന് ഞങ്ങളോട് ചോദിക്കും “മാ‍ങ്ങ പറക്കട്ടെ” “നെല്ലിക്ക പൊട്ടിക്കട്ടെ” എന്നൊക്കെ. മറ്റ് ചിലരാകട്ടെ ചോദിക്കാതെ തന്നെ വന്നു പറയ്ക്കും.



പൊതുവഴിയിലേക്ക് വീഴുന്ന മാങ്ങ കാൽനടക്കാർക്കുള്ളതാണ്. ശക്തമായ കാറ്റിൽ ചിലപ്പോൾ മാ‍ങ്ങകൾ തുരുതുരാ ഉതിർന്ന് വീഴും. മാങ്ങ എറിഞ്ഞു വീഴ്ത്തുന്നതിനോ കയറി പൊട്ടിക്കുന്നതിനോ ആർക്കും അനുവാദമില്ല. പഞ്ചാരപ്പേൻ, ചോരത്തേൻ തുടങ്ങിയ നാടൻ മാങ്ങകൾക്കാണ് കൂടുതൽ ആരധകർ. ഗോമാങ്ങ, സേലം മാങ്ങ എന്നിവയൊന്നും ആ വളപ്പിൽ ഉണ്ടായിരുന്നില്ല്ല.



സ്കൂൾ വിട്ട് വരുന്ന കുട്ടികൾ ഞങ്ങളുടെ വളപ്പിനടുത്തെത്തിയാൽ അവർ അവിടെ താഴെയൊക്കെ നോക്കും. വീണു കിടക്കുന്ന മാങ്ങകൾ ആദ്യം വരുന്ന കുട്ടികൾക്കുള്ളതാണ്. ഇതിനായി ഈകൂട്ടർ ബെല്ല് അടിച്ചാലുടൻ തന്നെ പുസ്തകവും എടുത്ത് ഒറ്റ ഓട്ടമാണ്. പാടവരമ്പത്ത് കൂടി ഓടി ഞങ്ങളുടെ വരമ്പത്ത് കൂടി കയറി ഇടവഴി കയറുന്നു. ഓട്ടത്തിൽ പതുക്കെയായവർ ഇടവഴി എത്തുമ്പോ‍ഴേക്കും വീണ് കിടക്കുന്ന മങ്ങകൾ ഒക്കെ കഴീഞ്ഞിട്ടുണ്ടാകും. ഇവർ അവിടെ കൂട്ടം കൂടി ഗോട്ടിയൊക്കെ കളിച്ച് നിൽക്കുമ്പോളെക്കും കാറ്റൊക്കെ വീശി ചിലർക്കൊക്കെ മാങ്ങകൾ കിട്ടിയിട്ടുണ്ടാകും.



ഒഴിവു ദിനങ്ങളിൽ ഉച്ച സമയത്ത് ചില ആളുകൾ ഞങ്ങളുടെ പറമ്പിന്റെ അവിടെ സ്ഥിരം തൻപടിക്കാറുണ്ട്. ആരും വരില്ല എന്ന് ഉറപ്പായാൽ ചിലപ്പോൾ ഇവർ പറമ്പിലേക്ക് കടന്ന് മാങ്ങ നോക്കാറുമുണ്ട്. ഞങ്ങൾക്കാർക്കും അത് അത്രക്ക് ഇഷ്ടമുള്ള കാര്യമല്ല. കാരണം ഞങ്ങൾക്കും മാങ്ങ കഴിക്കണമല്ലോ എന്നു വിചാരിച്ച് മാത്രം.



പഞ്ചാരപ്പേന് മാവിന്റെ ഒരു ചില്ല കുളത്തിലേക്ക് ചാഞ്ഞാണിരിക്കുന്നത്. കുളിക്കാൻ പോകുമ്പോൾ നീന്തുന്ന സമയത്ത് ചിലപ്പോൾ കുളത്തിലേക്ക് മാ‍ങ്ങ വീഴാറുണ്ട്. ആര് ആദ്യം എന്ന തരത്തിൽ വാശിയേറിയ ഒരു നീന്തൽ മത്സരവും അപ്പോൾ അവിടെ ഉണ്ടാകാറുണ്ട്. ചില സമയത്ത് ആർക്കും കിട്ടാതെ മാമ്പഴം കുളത്തിലേക്ക് താണു താണു പോകും.



ഒരു ദിവസം ഒരു ഒഴിവു ദിവസം മറ്റുള്ള എല്ലാവരും ഉറങ്ങുന്ന സമയത്ത് ഞാൻ മാവിന്റെ ചുവട്ടിലേക്ക് നടന്നു. മാവിന്റെ അടുത്തെത്തിയപ്പോൾ ആരോ കല്ലെറിയുന്ന ശബ്ദം. ചെന്ന് നോക്കുമ്പോൾ എന്റെ കൂടെ പടിച്ചിരുന്ന പിന്നെ തോറ്റ് പോയ ഒരു കൂട്ടുകാരൻ. ഞാൻ ചെന്നു നല്ല രീതിയിൽ പറഞ്ഞു. കല്ലെറിയരുത്. ആരുടെയെങ്കിലും തലയിൽ വീണാല് പിന്നെ പ്രശ്നമാണ് എന്നൊക്കെ പറഞ്ഞു അവനെ പിന്തിരിപ്പിച്ചു. തൊടിയിൽ കിടന്നിരുന്ന രണ്ട് മാങ്ങ അവന് എടുത്ത് കൊടുക്കുകയും ചെയ്തു.



അതൊക്കെ കഴിഞ്ഞ് ഇന്നത്തെ കാലത്ത് സ്കൂൾ കുട്ടികൾ ആരും ആ വഴി വരാതായി. എല്ലാവരും ഒന്നുകിൽ ബസ്സിൽ പോകും, അല്ലെങ്കിൽ സൈക്കിൾ. കുറെ കുട്ടികൾ സി.ബി.എസ്.സി. സ്കൂളിലേക്ക് പഠനം മാറ്റി. കൂടാതെ സ്കൂൾ വിട്ടാൽ ഉടൻ വേറെ ട്യൂഷൻ എല്ലാവർക്കും. കളിക്കാനും മാങ്ങ പെറുക്കുന്നതിനും കുട്ടികൾക്ക് സമയം ഇല്ല. കൂടാതെ രക്ഷിതാക്കൾ സ്റ്റാറ്റസ് നോക്കാൻ തുടങ്ങി. ഡ്രസ് മുഷിഞ്ഞാൽ പിന്നെ കുട്ടികളെ വീട്ടിൽ കയറ്റില്ല.



ആർക്കും വേണ്ടാതെ മാങ്ങകൾ തൊടിയിലും ഇടവഴിയിലും കിടന്നിരുന്നു. കുറെ മാങ്ങകൾ അണ്ണാറക്കണ്ണന്മാർ തിന്നും.കുറെ വവ്വാലുകൾ തിന്നും. കുട്ടികളെ മാങ്ങ പെറുക്കുന്നതിനും ഒന്നും കിട്ടില്ല. കുറെ കഴിഞ്ഞപ്പോൾ ഉപഭോക്താവിന്റെ എണ്ണം കുറഞ്ഞതൊണ്ട് ആണോ എന്നറിയില്ല, മാങ്ങകളുടെ എണ്ണം ഗണ്യമാ‍യി കുറഞ്ഞു. മുഴുവൻ ഇത്തിക്കണ്ണി കയറി. മാവും വാർധക്യത്തിൽ എത്തി.



കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഞങ്ങൾക്ക് മാമ്പഴം തന്നിരുന്ന ആ രണ്ട് മാവുകളും അവിടെ കാണുന്നുണ്ടായിരുന്നില്ല. ഒരു മഴക്കാലത്ത് കൊമ്പ് ഒടിഞ്ഞ് വീണപ്പോൾ മുഴുവനായി മുറിച്ച് മാറ്റുകയാണുണ്ടായതത്രെ! ഒരു കാലത്തെ എല്ലാവർക്കും മാമ്പഴം തന്നിരുന്ന ആ മാവുകൾ അങ്ങനെ ചരിത്രത്തിന്റെ വിസ്മൃതിയിലായിത്തീർന്നു..



ഇന്നത്തെ വളരുന്ന തലമുറക്ക് മാമ്പഴം കടയിൽ നിന്നും മേടിക്കാനുള്ള സാമ്പത്തികം ഉണ്ടായിരിക്കാം. കൂടുതൽ ഭംഗിയും ആകർഷണീയതയും അതിനുണ്ടായിരിക്കാം. കാറ്റത്ത് മാങ്ങ വീഴുന്നുണ്ടൊ എന്ന് ശ്രദ്ധിക്കാനും വീണ് കിടക്കുന്ന മാങ്ങ തിരഞ്ഞ് കണ്ടെത്തി തിന്നാനും ഇല്ലെങ്കിൽ എറിഞ്ഞ് വീഴ്ത്തി തിന്നാനും ആർക്കും സമയമില്ലാതായി. “ എടുയ്ക്കാ...തുടയ്ക്കാ...കടിയ്ക്കാ “ എന്ന മുത്തശ്ശന്റെ വാചകങ്ങൾ മനസ്സിൽ കിടന്നു കളിക്കുന്നു.



“അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ

അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ”

Read more...

Wednesday, August 19, 2009

ശബരിമലയിലെ കഴുത

ഒരു ദിവസം ഒരു നമ്പൂരിയെ പരികര്‍മ്മത്തിനായി ഒരു തന്ത്രി വിളിച്ചു.
പൈസയുടെ കര്യത്തില്‍ അണുവിട വിത്യാസം വരുത്താത്ത നമ്പൂരി ആദ്യം തന്നെ ദക്ഷിണയുടെ കര്യങ്ങളെല്ലാം പറഞ്ഞു വെച്ചു..
അവിടെ ചെന്നപ്പോളാണു മനസ്സിലായത് വിചാരിച്ച കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നു മാത്രമല്ല ഭക്ഷണം പോലും നേരാവണ്ണം കിട്ടുന്നില്ല.
ആദ്യത്തെ 2-3 ദിവസം പിടിച്ചു നിന്നുവെങ്കിലും പിന്നീട് നമ്പൂരിക്ക് ഇരിക്കപ്പോറുതി ഇല്ലാ‍തായി.
ഒരു ദിവസം പതിവുപോലെ വൈന്നേരത്തെ പൂജകള്‍ എല്ലാം കഴിഞ്ഞ് എല്ലാരും വിശ്രമിക്കുന്ന സമയത്ത് തന്ത്രി അവിടെക്ക് കയറി വന്നു.
എല്ലാവരോടും കുശലാന്വേഷണം ചോദിക്കണമെന്നു വിചാരിച്ചിട്ടോ പൂജാ കര്യങ്ങള്‍ മുറക്ക് നടക്കുന്നില്ലേ എന്നറിയാന്‍ വേന്ടിയൊ എന്തോ എങ്ങനെയുണ്ട് കാര്യങ്ങള്‍ എന്നു പരക്കെ ചോദിച്ചു.
കേട്ട പാതി കേക്കാത്ത പാതി നമ്മുടെ നമ്പൂരി ചാടിയെണീറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു
“നമ്പൂരി... തഴപ്പായേം ചക്കക്കൂട്ടാനും ആണെങ്കി വ്ടയ്ക്ക് വരണ്ട കാര്യണ്ടോ?? ഇല്ലത്ത് ഇതു രണ്ടും ധാരാളം കിട്ടും”
അതിനു ശേഷം ലോഗ്യം ചോദിക്കാന്‍ എന്നല്ല ഒരു കാര്യത്തിനും തന്ത്രി ഈ നമ്പൂരിയുടെ അടുത്തേക്ക് ചെന്നിട്ടില്ല.
എല്ലാം കഴിഞ്ഞ് പോകാന്‍ സമയത്ത് എല്ലാവരുടേയും കണക്കെല്ലാം ശരിയാക്കുന്ന സമയത്ത്, തന്ത്രി മനപൂര്‍വ്വം ഈ നമ്പൂരിയെ അവസാനമേ വിളിച്ചുള്ളൂ..
ഇതു മനസ്സിലാക്കിയ നമ്പൂരി അതൊന്നും പുറത്ത് കാണിക്കാതെ അവസാനം ദക്ഷിണക്കായി ചെന്നു..
തന്ത്രി നമ്പൂരിയോടായി പറഞ്ഞു
“നമ്പൂരി... ഇക്കൊല്ലം പൂജയ്ക്കും മറ്റു കാര്യങ്ങള്‍ക്കും അത്ര വലിയ ഭക്തജന സഹായം ഒന്നും ണ്ടാ‍യില്യ..മാത്രല്ല... ചെലവാണെങ്കി ജാസ്തി ആവേം ചെയ്തു. അതോണ്ട് ഞാന്‍ പറഞ്ഞ ദക്ഷിണേടെ അത്ര തരാന്‍ ണ്ടാവില്യ. അടുത്തൊല്ലം ഒക്കെ ശരിയാക്ക്ണ്ട്. ഇപ്പൊ തല്‍ക്കാലം ഇതു മേടിയ്ക്കാ‍..”

ദക്ഷിണ മേടിക്കാതെ നമ്പൂരി, തന്ത്രിയോടായി പറഞ്ഞു..
“നമ്പൂരി... അങ്ങ് ശബരിമലയ്ക്ക് പോയീണ്ടൊ??” “അവിടെ കുറേ കഴുതകളേ കാണാം. പുറത്ത് കുറേ ഭാരം വെച്ചു കെട്ടി മല കയറുന്ന കഴുതകള്‍“ “ആ കഴുതേടെ തലേല് ഒരു വടി വെച്ച് കെട്ടീണ്ടാവും...ആ വടീന്മ്മല് ഒരു കെട്ട് പുല്ലും....” “കഴുത വിചാരിക്കും ഇപ്പൊ പുല്ല് എനിക്ക് കിട്ടും എനിക്ക് കിട്ടും എന്ന്” “ആ പ്രതീക്ഷയില്‍ കഴുത ആ മലയൊക്കെ കേറിപ്പോകും”
ഉപമ മനസ്സിലാക്കിയ തന്ത്രി നമ്പൂരിക്ക് മുമ്പ് പറഞ്ഞ ദക്ഷിണ കുറക്കാതെ കൊടുത്തു എന്നാണു ഇതിന്റെ അവസാനം

Read more...

Friday, February 20, 2009

പെരുവണ്ണാപുരം

പെരുവണ്ണാപുരം എന്ന സുന്ദര ഗ്രാമം. ഇവിടുത്തെ ചില വിശേഷങ്ങളുമാ‍യി ഞാനും ഇവിടെ എത്തുന്നു..

ഭൂമി ശാസ്ത്രപരമായി പെരുവണ്ണാപുരം ഒരു ചെറിയ ഗ്രാമമാണു. വടക്കെ അതിരിലൂടെയാണു ഗ്രാമത്തിന്റെ സ്വന്തം പുഴയായ ഗായത്രിപ്പുഴ ഒഴുകുന്നത്.

പെരുവണ്ണാപുരത്ത് പറയത്തക്ക പ്രശസ്തിയുള്ള ഒരു സ്ഥാപനമോ വ്യവസായമോ ഇല്ല. ആകെയുള്ളത് ഒരു പഞ്ചായത്ത് ആഫീസും ഗവര്‍മെന്റ് സ്കൂളും ഒരു സര്‍ക്കര്‍ ആശുപത്രിയും ആണു.

ഇവിടുത്തെ ജനങ്ങള്‍ ഭൂരിഭാഗവും അന്നന്നത്തെ ചിലവിന്‍ കൂലിപ്പണിയാണ് ചെയ്തിരുന്നത്.

നെല്‍ക്രിഷി, കശുമാവ്,കൊള്ളി തുടങ്ങിയ ക്രിഷികള്‍ പൊതുവെ പെരുവണ്ണാപുരത്ത് ക്രിഷി ചെയ്തു വരുന്നു.

കറണ്ടും ടെലിഫോണും ടി.വി യും ഒന്നും എത്തി നോക്കാത്ത ഒരു കാലം ഉണ്ടായിരുന്നു ഒരു കാ‍ലത്ത് ഈ ഗ്രാമത്തില്‍..

നല്ല നാട്ടുകാരും അവരുടെ ചില പ്രശ്നങ്ങളും തമാശകളും നിങ്ങളുടെ മുന്നിലേക്ക് സമര്‍പ്പിക്കുന്നു

Read more...

അഭിപ്രായങ്ങൾ

നിങ്ങൾക്ക് തോന്നുന്ന അഭിപ്രായങ്ങൾ കമന്റിന്റെ രൂപത്തിൽ രേഖപ്പെടുത്തുക

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP